സഹയാത്രിക

ഏറെ നേരമായി കാത്തിരിക്കുന്നു. എന്നിട്ടും എത്താതിരുന്നത് കണ്ട് അയാൾക്ക് വലിയ വിഷമമായി.

  ഒരു ഇളം കാറ്റിന്റെ അകമ്പടിയോടെ അവൾ വരുന്നത് കണ്ട് അയാൾ ഇരിപ്പിടം വിട്ടു എഴുന്നേറ്റു. മെല്ലെ നടന്നു.

നെറ്റിത്തടത്തെ ഒരു കുളിർ വിരൽതൊട്ട പാടെ
 'ശ്ശെ, നടുറോട്ടിലിങ്ങനെ.'
അയാൾക്കപ്പോൾ നാണമായി. നെറ്റിത്തടത്തിൽ നിന്ന്  അയാളുടെ മാറിലും കാൽവിരൽ തുമ്പുകളിലും സ്പർശിച്ചു.

അയാൾ തന്റെ വലതു കൈവിരലൊന്നമർത്തി.  വിരിഞ്ഞു വിടർന്ന കുടക്ക് പുറത്ത് അവൾ . കൈവിരലുകൾ വെച്ചു താളമിട്ടു.
അയാൾ നടത്തം മെല്ലെയാക്കി...
മെല്ലെ... മെല്ലെ...
അവളുടെ കഥകൾക്ക് ചെവികൊടുത്തു. അവളുടെ പാട്ടുകൾക്ക് നേർത്ത ഒരു ചൂളത്താൽ ശ്രുതി ചേർത്തു.

ദൂരമെത്രയെന്നറിഞ്ഞില്ല. അയാൾ നടന്നു കൊണ്ടേ യിരുന്നു. ചാഞ്ഞും ചെരിഞ്ഞു എത്ര മാറി നടന്നിട്ടും അവളുടെ ആശ്ലേഷണത്തിന്റെ.. ചുംബനത്തിന്റെ പാടുകൾ അയാളെയാകെ ഈറനണിയിച്ചു.

 പ്രണയത്തിന്റെ നൂറ് നൂറ് വിരലുകൾ കോർത്ത് പിടിച്ച് അവൾക്കൊപ്പം അയാളും മാഞ്ഞു മറഞ്ഞു പോയി.
     ( ഒരു തുള്ളി മഴക്കഥ)

           ✍🏼 സുജിത് കുട്ടനാരി.

Comments

Popular posts from this blog